കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20വർഷം കഠിന തടവ് ആണ് ശിക്ഷ.1500 പേജുകളുള്ള വിധിയാണ് വന്നിരിക്കുന്നത്. വിധിപ്പകര്‍പ്പ് പുറത്തുവന്നിട്ടില്ല. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വിധിപ്പകർപ്പ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതിനാല്‍ വിധിപ്പകർപ്പ് പുറത്തുവരാൻ വൈകും. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്.
അതിജീവിതയുടെ മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി.
പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്നുള്ള വിമർശനം ഉയർന്നുവരുന്നുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉൾപ്പെടെ വലിയ വിമർശനമാണ് നടത്തിയത്. പരിപൂർണ നീതി കിട്ടിയില്ല എന്നാണ് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാര്‍ പറയുന്നത്. നിരാശ തോന്നുന്ന വിധിയാണ് വന്നതെന്നും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. ഒന്നാം പ്രതിക്ക് എങ്കിലും കടുത്ത ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല. ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെ കുറച്ച് താൻ പ്രതികരിക്കുന്നില്ല എന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു.
പ്രതികള്‍ റിമാന്‍ഡ് തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ പ്രതികള്‍ വിചാരണത്തടവ് കുറഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. ഇതനുസരിച്ച് ഏഴര വര്‍ഷം വിചാരണത്തടവില്‍ കഴിഞ്ഞ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഇനി പന്ത്രണ്ടര വര്‍ഷം കൂടി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. ഇതോടെ കേസില്‍ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുന്നയാളും സുനിയായിരിക്കും.രണ്ടാം പ്രതി മാര്‍ട്ടില്‍ ഇനി 13 വര്‍ഷം തടവില്‍ കഴിയണം. വിചാരണത്തടവുകാരനായി ഏഴു വര്‍ഷം മാര്‍ട്ടിന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പരോളും അവധി ദിവസങ്ങളും കുറയ്ക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരും.