വിജയ് മല്യ നൽകിയ വാതിൽപ്പാളി ശബരിമലയിൽ നിന്ന് കടത്തിയോ?; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. വിഗ്രഹങ്ങളുടെ പകർപ്പ് സൃഷ്ടിച്ച് രാജ്യാന്തര മാർക്കറ്റിലെത്തിക്കാൻ ശ്രമിച്ചുവെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുപ്രസിദ്ധനായ രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമുണ്ടെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. 1999-ൽ വിജയ് മല്യ നൽകിയ വാതിൽപ്പാളി ശബരിമലയിൽ നിന്ന് കടത്തിയോ എന്നതിലും ഹൈക്കോടതിക്ക് സംശയമുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെയും വാതിലിന്റെയും പകർപ്പ് സൃഷ്ടിക്കാനുള്ള അളവെടുക്കാൻ നന്ദൻ എന്ന ആശാരിയെ പോറ്റി നിയോഗിച്ചു. ദ്വാരപാലക ശിൽപ്പ പാളിയും വാതിൽപ്പാളിയും ഇളക്കിമാറ്റിയാണ് നന്ദൻ അളവെടുത്തത്. നട തുറന്നിരുന്ന സമയത്ത് മേൽശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയുള്ള അളവെടുപ്പ്.

ഈ പകർപ്പിലൂടെ വിഗ്രഹങ്ങളുടെ മാതൃക സൃഷ്ടിച്ച് രാജ്യാന്തര മാർക്കറ്റിൽ എത്തിക്കാൻ ശ്രമിച്ചു. വിഗ്രഹ മാതൃകകൾ വൻവിലയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി. സമഗ്രമായി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് പകർപ്പെടുത്തത്. രാജ്യാന്തര ശൃംഖലയുടെ ഭാഗമായുള്ള കള്ളക്കടത്തുകാരുടെ പദ്ധതിയാണിതെന്നും ഹൈക്കോടതി സംശയിക്കുന്നു. വിജയ് മല്യ നൽകിയ വാതിൽപ്പാളി അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. 24 കാരറ്റിന്റെ 2519.76 ഗ്രാം സ്വർണ്ണം പൂശിയതാണ് യഥാർത്ഥ വാതിൽപ്പാളി.
ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് ഉപേക്ഷിക്കപ്പെട്ട വാതിൽപ്പാളി മാറ്റിയത്. പിന്നീട് വാതിൽപ്പാളി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. എന്നാൽ അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്ന് കണ്ടെത്തിയത് യഥാർത്ഥ വാതിൽപ്പാളികളാണോയെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. യഥാർത്ഥ വാതിൽപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയോയെന്നും 2019-ൽ സ്ഥാപിച്ചത് 1999-ൽ നൽകിയ യഥാർത്ഥ വാതിൽപ്പാളികൾ തന്നെയാണോയെന്നുമാണ് ദേവസ്വം ബെഞ്ചിന്റെ സംശയം.