പൊന്മുടി : പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമാണത്തിന് കമ്പി കയറ്റിപ്പോയ ലോറി യന്ത്രത്തകരാറാൽ പതിനൊന്നാം വളവിൽ കുടുങ്ങി.
ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിതുരയിൽനിന്നും സാമഗ്രികളുമായി പൊന്മുടിയിലേക്കു വന്ന ലോറിയാണ് വഴിയിൽപ്പെട്ടത്. കൊടുംവളവായതിനാൽ മറ്റ് വാഹനങ്ങൾക്ക് യാത്രചെയ്യാൻ സാധിച്ചില്ല. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടന്നുപോയത്.
വലിയ വാഹനങ്ങളിൽ പൊന്മുടിയിലേക്കു പോയവരും പൊന്മുടി സന്ദർശിച്ച് മടങ്ങിയവരും വൈകീട്ട് അഞ്ചുമണിവരെ വഴിയിൽ കുടുങ്ങി.
പൊന്മുടിയിലേക്കു വന്ന കെഎസ്ആർടിസി ബസുകൾ കല്ലാറിൽ ഓട്ടം അവസാനിപ്പിച്ച് മടങ്ങി. പൊന്മുടിയിൽനിന്നുവന്ന ബസുകൾ പതിനൊന്നാം വളവിന് മുൻപ് ഓട്ടം അവസാനിപ്പിച്ചു.
യാത്രക്കാർ പലരും നടന്ന് കല്ലാറിലെത്തി കിട്ടിയ വാഹനങ്ങളിൽ യാത്ര തുടരുകയായിരുന്നു. ഒടുവിൽ ക്രെയിൻ എത്തിച്ചാണ് ലോറി റോഡിൽനിന്നു മാറ്റിയത്. പൊന്മുടിപ്പാതയിൽ മണ്ണിടിച്ചിൽ, മരം കടപുഴകി വീഴൽ എന്നിവയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചരക്കുവാഹനം വഴിയിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടാവുന്നത്.