സിനിമാതാരങ്ങൾ ഉള്‍പ്പെട്ട ആഡംബര കാർ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും, അതിര്‍ത്തിയിൽ പഴുതടച്ച പരിശോധന നടത്തും

ദില്ലി: ന‌ടൻ ദുൽഖർ സൽമാൻ ഉള്‍പ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്‍റെയും ആഭ്യന്തര സെക്രട്ടറിമാർ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനിൽ വെച്ചാണ് യോഗം ചേര്‍ന്നത്. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകൾ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയൽ കസ്റ്റംസുമായി അന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
കള്ളക്കടത്തിന്റെ ഉറവിടം തേടി ഭൂട്ടാനും ഇന്ത്യയും
ആഡംബര കാർ കള്ളക്കടത്ത് കേസിൽ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇതുരാജ്യങ്ങളുടെയും തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ്. സമഗ്രമായ റിപ്പോർട്ട് കേന്ദ്ര ഏ‍ജൻസികൾക്ക് ഉടൻ കൈമാറും. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെടും.