കറാറ (ഓസ്‌ട്രേലിയ): ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പരയില്‍ ആവേശം കത്തുകയാണ്. ആദ്യ മത്സരം മഴയെടുത്തതിനെത്തുടര്‍ന്ന്, രണ്ടാം മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കി. മൂന്നാമതേ മത്സരം ജയിച്ച് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍, പരമ്പര 1-1ന് സമനിലയിലെത്തി. അഞ്ച് മത്സര പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരം വ്യാഴാഴ്ച കറാറയിലാണ് നടക്കുന്നത്.
ഹൊബാര്‍ട്ടില്‍ അഞ്ചു വിക്കറ്റിന് നേടിയ വിജയം ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. ഓസീസ് പേസര്‍ ജോഷ് ഹേസില്‍വുഡിനും വെടിക്കെട്ട് ഓപണര്‍ ട്രാവിസ് ഹെഡിനും പരമ്പരയില്‍നിന്ന് പിന്മാറേണ്ടി വന്നത് ഇന്ത്യയ്ക്ക് അനുകൂലമായിരിക്കുകയാണ്. ആഷസ് ടെസ്റ്റുകള്‍ക്ക് മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് ഹെഡ് മടങ്ങിയത്
ഇന്ത്യന്‍ ടീമിന് മുന്നേറ്റം സാധ്യമാക്കാനുള്ള മികച്ച അവസരമാണിത്. എന്നാല്‍, ഓപണര്‍ ശുഭ്മന്‍ ഗില്‍ ഇനിയും ഫോമിലേക്കുയരാത്തത് ആശങ്കയാണ്. അതേസമയം, അഭിഷേക് ശര്‍മ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍, തിലക് വര്‍മ എന്നിവരും ടീമിന് ആവശ്യമായ സംഭാവനകള്‍ നല്‍കുന്നു.വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയുടെ ഉള്‍പ്പെടുത്തല്‍ മൂന്നാം മത്സരത്തില്‍ ഫലപ്രദമായി. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിംഗും ബൗളിംഗും ടീമിന് കരുത്തായി.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനൊപ്പം മാത്യു ഷോര്‍ട്ട് ഓപ്പണിംഗിന് ഇറങ്ങും. പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹേസില്‍വുഡ്, സീന്‍ ആബട്ട് എന്നിവര്‍ ഇല്ലാത്തതിനാല്‍ ഓസീസ് ബൗളിങ് നിര അല്‍പം ദുര്‍ബലമാണ്.
ടീമുകള്‍
ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, റിങ്കു സിങ്.