ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോള്‍ അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസ് https://www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓണ്‍ലൈനില്‍ നവംബര്‍ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം.
വിഷയങ്ങള്‍: സെറ്റ് പേപ്പര്‍ രണ്ടില്‍ 31 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജര്‍മന്‍, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മലയാളം, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, റഷ്യന്‍, സംസ്‌കൃതം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക്, ഉര്‍ദു, സുവോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
പരീക്ഷ: സെറ്റില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് എല്ലാവര്‍ക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ രണ്ടില്‍ പരീക്ഷാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം ലഭിക്കും. പേപ്പര്‍ ഒന്നില്‍ 120 ചോദ്യങ്ങള്‍. ഓരോ മാര്‍ക്കുവീതം. പേപ്പര്‍ രണ്ടിലും 120 ചോദ്യങ്ങള്‍. ഇതില്‍ 80 ചോദ്യങ്ങള്‍ മാത്തമാറ്റിക്‌സിലും സ്റ്റാറ്റിസ്റ്റിക്‌സിലും. ഒന്നര മാര്‍ക്ക് വീതം. മറ്റ് വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഓരോ മാര്‍ക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിര്‍ണയ തീയതിയും പ്രോസ്‌പെക്ടസിലുണ്ട്.
സെറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ പേപ്പര്‍ ഒന്നിലും രണ്ടിലും 40 മാര്‍ക്ക് വീതവും മൊത്തത്തില്‍ 48 മാര്‍ക്കും നേടണം. ഒ.ബി.സി, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് യഥാക്രമം 35, 45 മാര്‍ക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35, 40 മാര്‍ക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവര്‍ക്ക് ‘സെറ്റ് പാസ് സര്‍ട്ടിഫിക്കറ്റ്’ ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ മാസ്റ്റേഴ്‌സ് ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി.എഡും ഉള്ളവര്‍ക്ക് സെറ്റിന് അപേക്ഷിക്കാം.
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തില്‍ എം.എസ്.സി.എഡ് (50 ശതമാനം മാര്‍ക്കില്‍ / തത്തുല്യ ഗ്രേഡില്‍ കുറയരുത്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കോമേഴ്‌സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോംസയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് പി.ജികള്‍ക്ക് ബി.എഡ് വേണമെന്നില്ല.
അറബിക്, ഉര്‍ദു, ഹിന്ദി വിഷയങ്ങളില്‍ ഡി.എല്‍.എഡ്/ എല്‍.ടി.ടി.സി ഉള്ളവര്‍ക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബയോളജി പി.ജിക്കാര്‍ക്ക് നാച്വറല്‍ സയന്‍സില്‍ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവര്‍ഷം ബി.എഡ് പഠിക്കുന്നവര്‍ക്കും ബി.എഡ് നേടി അവസാനവര്‍ഷം പി.ജിക്ക് പഠിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വര്‍ഷ പി.ജി/ബി.എഡ് വിദ്യാര്‍ഥികള്‍ സെറ്റിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.