തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ദ്വാരപാലക ശിൽപങ്ങളിൽ സ്വര്‍ണം പൂശിയതിനെ ചൊല്ലിയുള്ള വിവാദത്തിലും പീഠം കാണാതായതിലും ഉത്തരങ്ങൾ തേടും. 2019 ജൂലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന കന്പനിയിൽ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം ഇത് എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കേണ്ടി വരും. തിരികെ കൊണ്ടുവന്നപ്പോള്‍ 4 കിലോ കുറഞ്ഞത് മഹസറിൽ രേഖപ്പെടുത്താത്തതിനെ കുറിച്ച് ദേവസ്വം ജീവനക്കാരും മറുപടി പറയേണ്ടിവരും. ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വർണ പാളികള്‍ ബംഗളൂരുവിരിലെത്തിച്ചതും പണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നു.
ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തൽ
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. ശബരിമലയിൽ നിന്ന് 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് സ്വർണ പാളികൾ ആയിരുന്നില്ലെന്നും ശുദ്ധമായ ചെമ്പ് പാളികളെന്ന് സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്‍റെ അഭിഭാഷകൻ കെബി പ്രദീപ് വെളിപ്പെടുത്തി. ഒരിയ്ക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികൾ ആയിരുന്നു അറ്റകുറ്റപ്പണിക്കായി എത്തിച്ചതെന്ന് ഒരിക്കൽ സ്വർണം പൂശിയ ലോഹം തങ്ങളുടെ സ്ഥാപനം അറ്റകുറ്റപ്പണിക്കായി സ്വീകരിക്കാറില്ലെന്നും പ്രദീപ് പറഞ്ഞു. പ്രദീപിന്റെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സംബന്ധിച്ച ദുരൂഹത ഏറുകയാണ്.