കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം; ഡോക്ടറുടെ കുറിപ്പടിയില്ലാതെ കുട്ടികള്‍ക്ക് മരുന്ന് നൽകരുത്, അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സമിതി

തിരുവനന്തപുരം: കഫ് സിറപ്പ് ഉപയോഗിക്കുന്നതിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നൽകരുതെന്നാണ് നിര്‍ദേശം. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്‍റ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകുക. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖയും പുറത്തിറക്കും. ഡോക്ടറുടെ പഴയ കുറിപ്പടി വെച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുതെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ വിൽപ്പന തടയുന്നതിനും പരിശോധ ശക്തമാക്കാനുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡ്രഗ് കൺട്രോൾ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപമായി നടത്തിയ പരിശോധനയിൽ കോൾഡ്രിഫിന്‍റെ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അനുവദനീയമായതിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ശേഖരിച്ചും പരിശോധന തുടരും. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ മരുന്ന് വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കും സർക്കുലർ അയച്ചിരുന്നു. മരുന്ന് കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകരുതെന്ന നിർദ്ദേശവുമുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനത്ത് കർശന നിരീക്ഷണം ഉറപ്പാക്കുാനും തീരുമാനമുണ്ട്.

 ചുമ ഒഴിച്ച് കൊടുക്കാനുള്ളതല്ല കഫ് സിറപ്പ്, 6 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത് എന്തുകൊണ്ട് നൽകരുത്, കാരണങ്ങൾ അറിയാം
Related image2
ചുമ കഫ് സിറപ്പ് മരണത്തിൽ നിർണായകം; രണ്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്തു, വീണ്ടും പോസ്റ്റ്മോട്ടം, മരണകാരണം മരുന്നോ? ഉറപ്പിക്കാൻ പരിശോധന

ലൈസന്‍സ് റദ്ദാക്കാൻ നടപടി തുടങ്ങി
 

അതേസമയം, വിഷമരുന്ന് ഉൽപാദിപ്പിച്ച തമിഴ്നാട്ടിലെ മരുന്ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. മധ്യപ്രദേശിലെ ചിന്ത്വാരയിലെ 14 കുട്ടികളുടെ നില അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പ് മൂന്ന് സംസ്ഥാനങ്ങൾകൂടി നിരോധിച്ചു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി വിളിച്ച അടിയന്തര യോ​ഗത്തിലാണ് മരുന്നുൽപാദിപ്പിച്ച ശ്രേഷൻ ഫാർമ കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനമെടുത്തത്. സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് ഓർ​ഗനൈസേഷന്‍റെ പരിശോധനയിൽ കമ്പനി ഉൽപാദിപ്പിച്ച കോൾഡ്രിഫിൽ അനുവദിനീയമായതിലും അധികം ഡൈത്തിലീൻ ​ഗ്ലൈക്കോൾ എന്ന രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിനെതിരെ ക്രിമിനൽ നടപടികളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്നാണ് പരാതിയുളളത്. ഇതുകൂടാതെ ചിന്ത്വാരയിലെ 14 കുട്ടികൾ അതീവ ​ഗുരുതരാവസ്ഥയിൽ നാ​ഗ്പൂരിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കൂടുതൽ മരുന്നുകളിൽ പ്രശ്നമുണ്ടായെന്ന് കണ്ടെത്താൻ ആറു സംസ്ഥാനങ്ങളിലായി 19 മരുന്ന് നിർമ്മാണ കേന്ദ്രങ്ങളിൽനിന്നും ശേഖരിച്ച സാമ്പിളുകൾ കേന്ദ്രം പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനുംഅത്യാഹിത സാഹചര്യങ്ങൾ നേരിടാൻ സജ്ജമാകണമെന്നും സംസ്ഥാനങ്ങൾക്ക് ക‍‍ർശന നിർദേശമുണ്ട്. അതേസമയം, രാജസ്ഥാനിൽ നാലു കുട്ടികൾ മരിച്ചത് കഫ് സിറപ്പ് കഴിച്ചത് മൂലമല്ലെന്ന് സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചു. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ കോൾഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചതിന് പിന്നാലെയാണ് ഉത്തർ പ്രദേശും ഉത്തരാഖണ്ഡും കർണാടകയും മരുന്ന് നിരോധിച്ചത്.