'ഗോ ബാക്ക് ടു ഹോം' റീൽ; പിന്നാലെ പണം കവര്‍ന്ന് മുങ്ങിയ പ്രതിയെ പൊക്കി കേരള പൊലീസ്

കഴക്കൂട്ടം: രണ്ടര ലക്ഷം രൂപയോളം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ എത്തി പിടികൂടി കഠിനംകുളം പൊലീസ്. 'ഗോ ബാക്ക് ടു ഹോം' എന്ന ക്യാപ്ഷനോടുകൂടി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതി മുങ്ങിയത്. പശ്ചിമ ബംഗാള്‍ ബെഹാല സ്വദേശി സല്‍മാന്‍ മുണ്ട(25)യെയാണ് ജല്‍പായ്ഗുരിയിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കഠിനംകുളത്ത് ഇയാള്‍ ജോലി ചെയ്തിരുന്ന ബാര്‍ ഹോട്ടലില്‍ നിന്നായിരുന്നു കഴിഞ്ഞ മാസം 17ന് 2,35,000 രൂപ മോഷ്ടിച്ചത്. ബാര്‍ ഹോട്ടലില്‍ മുന്നേ ജോലി ചെയ്യുകയും പിന്നീട് അവിടെ നിന്ന് പിരിഞ്ഞ് പോയ ശേഷം വീണ്ടും ജോലിക്ക് എത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്.

അതതു ദിവസത്തെ വരുമാനം മാനേജറുടെ ക്യാബിനില്‍ സൂക്ഷിക്കുകയും അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കുകയുമാണ് ബാര്‍ ഹോട്ടലിലെ പതിവ്. ഇത് അറിയാവുന്ന പ്രതി സുരക്ഷാ വിഭാഗത്തില്‍ നിന്ന് താക്കോല്‍ കൈക്കലാക്കി ബാര്‍ തുറക്കുകയായിരുന്നു. പിന്നീട് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് പണം സൂക്ഷിച്ചിരുന്ന അറ തുറന്ന് പണം കവരുകയായിരുന്നു.തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ തമ്പാനൂരില്‍ എത്തിയ പ്രതി ബസില്‍ തിരുപ്പൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇവിടെ വെച്ചാണ് ഗോ ബാക്ക് ടു ഹോം എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ റീലിട്ടത്. ഇതിനുശേഷം ഫോണും സ്വിച്ച് ഓഫ് ആയി. ഇതിനിടെ പെണ്‍സുഹൃത്തിന്റെ കോളുകള്‍ ഇയാളുടെ ഫോണിലേക്ക് നിരവധി തവണ വന്നിരുന്നു.കൈയ്യില്‍ പണമുള്ളതിനാല്‍ ഉറപ്പായും ഇയാള്‍ സ്വദേശത്ത് എത്തുമെന്ന് മനസിലാക്കിയ പൊലീസ് പെണ്‍സുഹൃത്തിന്റെ ഫോണ്‍ ലൊക്കേഷനും മനസിലാക്കി ഇവരുടെ നാടായ ജല്‍പായ്ഗുരിയില്‍ എത്തി. തുടര്‍ന്ന് ഭൂട്ടാന്‍ അതിര്‍ത്തിയിലെ തേയില തോട്ടത്തിന് നടുക്കുള്ള ലയത്തിലെ വീട്ടില്‍ നിന്നും ബംഗാള്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.