*ഫോൺ കിട്ടാതെ വരുമ്പോൾ കുട്ടികൾ വാശിയും ദേഷ്യവും കാണിക്കാറുണ്ടോ?.. വിഷമിക്കണ്ട പരിഹാരമുണ്ട്*.. പദ്ധതിയുമായി കേരള പൊലീസ്..

മുതിര്‍ന്നവരെ പോലെ തന്നെ മൊബൈൽ ഫോണ്‍ ഉപയോഗം കുട്ടികളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന പശ്ചാത്തലത്തില്‍ സഹായത്തിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പോലീസിന്റെ കുറിപ്പ്:

വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോള്‍, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി 6 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്‌കൂളുകള്‍ മുഖാന്തരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് അവബോധവും നല്‍കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.