സ്വർണത്തിന്റെ വില ഒരുലക്ഷത്തിലേക്കോ? ഇന്നും കുതിച്ചു കയറി സ്വർണവില

സ്വർണവില ഇന്നും വർധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞിരുന്നുവെങ്കിൽ ഇന്ന് ഒരു പവന് 880 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വില 87,000 രൂപയാണ്. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 86,120 രൂപയായിരുന്നു. ഇന്നലെ രാവിലെ 86,760 രൂപയുണ്ടായിരുന്ന സ്വർണത്തിന് 640 രൂപ കുറഞ്ഞാണ് വൈകിട്ട് 86,120 രൂപയിലേക്ക് എത്തിയത്.

110 രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് സംഭവിച്ചിരിക്കുന്നത്. 10,765 രൂപയായിരുന്നു ഇന്നലെ വൈകിട്ട് ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായിരുന്നത്. ഇന്ന് 10,875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ സാധ്യത എന്നിവയാണ് സ്വർണത്തിന്റെ വില കുത്തനെ കുതിച്ചുയരാൻ കാരണം. സ്വർണത്തിനൊപ്പം തന്നെ വെള്ളിയുടെ വിലയും കുതിച്ചുയരുകയാണ്. പണിക്കൂലിയുൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങ‍ണമെങ്കിൽ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും.