ആറ് മാസത്തിനകം ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും: കേന്ദ്രമന്ത്രി ഗഡ്കരി

ന്യൂഡൽഹി: അടുത്ത 4-6 മാസത്തിനുള്ളിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് സമാനമായി മാറുമെന്ന് ഉറപ്പു നൽകി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇരുപതാമത് എഫ്ഐസിസിഐ ഹയർ എജുക്കേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയെ ആഗോളതലത്തിൽ ഒന്നാമതെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓരോ വർഷവും 22 ലക്ഷം കോടി രൂപയാണ് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ചെലവഴിക്കുന്നത്. അതിനു പുറമേ പാരിസ്ഥിതിക പ്രശ്നങ്ങളും ഫോസിൽ ഇന്ധനം മൂലം ഉണ്ടാകുന്നുണ്ട്. ഇന്ത്യക്കാർ ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കേണ്ടത് രാജ്യത്തിന്‍റെ ഉന്നമനത്തിൽ നിർണായകമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി