ഗസ്സ യുദ്ധത്തിന് ഇന്ന് രണ്ടാണ്ട്; മരണസംഖ്യ 67000 കവിഞ്ഞു

ഗസ്സ യുദ്ധത്തിന് ഇന്ന് രണ്ടാണ്ട് പൂര്‍ത്തിയാവുകയാണ്. പശ്ചിമേഷ്യയില്‍ സമാധാനപ്പുലരി വിരിയുമെന്ന പ്രതീക്ഷയിലാണ് ലോകം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ഇരുപക്ഷവും ഈജിപ്തില്‍ പരോക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദമുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതിയിലാണ് ലോകത്തിന്റെ കണ്ണ്. എന്നാല്‍ പദ്ധതിയില്‍ കൃത്യത വേണമെന്നും ഭേദഗതി വേണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു.

ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ കരാറും ഇസ്രാഈല്‍ സൈനികരെ ഭാഗികമായി പിന്‍വലിക്കുന്നതും ഉള്‍പ്പെടുന്ന പദ്ധതിയുടെ പ്രത്യേക ഭാഗങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു.


എന്നാല്‍ ഭീകരകേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് പറഞ്ഞ് ഇസ്രാഈല്‍ പ്രതിരോധ സേന ഗസ്സ മുനമ്പില്‍ ആക്രമണം തുടരുകയാണ്.
എന്‍ക്ലേവിലെ മരണസംഖ്യ 67,000 കടന്നതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സെപ്തംബര്‍ അവസാനം വൈറ്റ് ഹൗസില്‍ വെച്ചാണ് ട്രംപ് തന്റെ 20 പോയിന്റ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയെ പിന്തുണയ്ക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇരുപക്ഷവും നിര്‍ദ്ദേശം അംഗീകരിച്ചാല്‍, ‘യുദ്ധം ഉടനടി അവസാനിക്കും’ എന്നും എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും പദ്ധതി പറയുന്നു.
കരാര്‍ ഇസ്രാഈല്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെ ഹമാസ് തിരികെ നല്‍കണമെന്നും അതില്‍ വ്യവസ്ഥ ചെയ്യുന്നു.

67000 ലധികം പലസ്തീന്‍കാര്‍ക്ക് ജീവന്‍ നഷ്ടമായി (70 ശതമാനവും സ്ത്രീകളും കുട്ടികളും)

1.62 ലക്ഷം പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

1195 പേര്‍ യുദ്ധത്തിന് കാരണമായ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു

ഗാസയിലെ 92 ശതമാനം വീടുകളും 72 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു


67 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള തീരദേശമേഖലയായ അല്‍ മുവാസി മാത്രമാണ് വാസയോഗ്യമായ മേഖല


യുദ്ധം തുടങ്ങിയശേഷം ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷികള്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ചു