തെന്നിന്ത്യൻ സിനിമാ ലോകത്ത് പുത്തൻ ചുവടുവയ്പ്പിന് കളമൊരുക്കിയിരിക്കുകയാണ് മലയാള ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്ര. കേരളക്കരയിൽ ശ്രദ്ധേയമായ കള്ളിയങ്കാട്ട് നീലി എന്ന മിത്തിനിടെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നീലി ആയും ചന്ദ്രയായും ബിഗ് സ്ക്രീനിൽ നിറഞ്ഞാടിയത്. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. ഇപ്പോഴിതാ ലോക ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നതിനിടെ നിമിഷിന് ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ.ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു വാച്ചാണ് നിമിഷ് രവിക്ക് സമ്മാനമായി കല്യാണി നൽകിയിരിക്കുന്നത്. ഈ സന്തോഷം നിമിഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. "പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹമനസ്കതയാണ്. ഒരുപാട് നന്ദി. ഇതിന്റെ നിറം എന്നെ ലോകയും ചന്ദ്രയുമായി നേരിട്ട് ബന്ധിപ്പിക്കുന്നുണ്ട്. എല്ലാത്തിനുമുപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്പ്പോഴും നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഇതെന്നെ ഓർമ്മപ്പെടുത്തും. അതിനുള്ള ഓർമ്മപ്പെടുത്തലാണ് ഈ സിനിമയും അതുമായി ബന്ധപ്പെട്ടവരും. അതിനാൽ ഇതെന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്", എന്നായിരുന്നു വാച്ച് ധരിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പം നിമിഷ് കുറിച്ചത്. പശ്ചാത്തലത്തിൽ കല്യാണിയേയും കാണാം.
അതേസമയം, റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ലോക ആഗോളതലത്തിൽ ഇതുവരെ 290 കോടിലധികം രൂപ കളക്ട് ചെയ്തിട്ടുണ്ട്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 296 കോടി രൂപയാണ് ലോക ചാപ്റ്റർ 1 ഇതുവരെ നേടിയിരിക്കുന്നത്. ഓഗസ്റ്റ് 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഓവർസീസിൽ നിന്നും 118.15 കോടി നേടിയ ലോക, ഇന്ത്യ നെറ്റായി 151.85 കോടിയും ഇന്ത്യ ഗ്രോസ് ആയി 177.85 കോടി രൂപയും ലോക നേടിയിട്ടുണ്ട്. 116.5 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത്. 118 കോടിയാണ് തുടരുവിന്റെ കേരള കളക്ഷൻ. ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള വേഫെറർ ഫിലിംസ് ആണ് ലോക ചാപ്റ്റർ 1ന്റെ നിർമാണം.