*25 കോടി കീശയില്‍, കോടീശ്വരൻ പക്ഷേ കൂളാണ്; പതിവ് പോലെ പെയ്ന്റ് കടയില്‍ ജോലിക്കെത്തി ശരത്ത്*

ഒരു തവണയെങ്കിലും തന്‍റെ ഭാഗ്യം പരീക്ഷിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അത്തരത്തില്‍ നിനച്ചിരിക്കാതെ ലോട്ടറികളിലൂടെ ഭാഗ്യം തുണച്ച ഒട്ടനവധി പേരുണ്ട്.

പ്രത്യേകിച്ച്‌ കേരള ലോട്ടറി വഴി. അങ്ങനെ ഒരു ഭാഗ്യവാനാണ് ഇപ്പോള്‍ കേരളക്കരയിലെ ചര്‍ച്ചാ വിഷയം. മറ്റാരുമല്ല തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ച ശരത്ത്. ആദ്യമായി ബമ്ബറില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ തന്നെ ഭാഗ്യം തുണച്ച സന്തോഷത്തിലാണ് ശരത്തും കുടുംബവും. കോടീശ്വരനായിട്ടും പതിവ് പോലെ ജോലിക്ക് എത്തിയിരിക്കുകയാണ് ശരത്ത് ഇപ്പോള്‍. നെട്ടൂരിലെ പെയ്ന്റ് കടയിലാണ് ശരത്തിന് ജോലി.

പതിവ് പോലെ വളരെ കൂളായി ജോലിക്കെത്തിയ ശരത്തിനെ അഭിനന്ദിച്ച്‌ ഒട്ടനവധി പേര്‍ എത്തുന്നുമുണ്ട്. ലോട്ടറി നറുക്കെടുപ്പ് നടന്ന ദിവസം ഏജന്‍റ് ലതീഷിന്‍റെ കടയിലെ തിരക്കൊക്കെ താന്‍ കണ്ടിരുന്നുവെന്നും തനിക്കാണ് സമ്മാനം അടിച്ചതെന്ന് അറിയാമായിരുന്നുവെന്നും ശരത്ത് പറയുന്നു. "ലതീഷ് ചേട്ടന്റെ കടയില്‍ ആളും ബഹളവും ഒക്കെ ഞാൻ കണ്ടിരുന്നു. ടിക്കറ്റ് നമ്പർ  ‍ഞാൻ അപ്പോഴേക്കും നോക്കിയതാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാങ്കിലേക്ക് പോകാം എന്ന് വിചാരിച്ച്‌ ഇരിക്കുകയായിര്‌ന്നു. നമ്മുടെ കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച്‌ ടെൻഷനും ഉണ്ടായില്ല. പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും എല്ലാ കാര്യവും അറിയും", എന്നായിരുന്നു ശരത്ത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഭാര്യയും അമ്മയും കുഞ്ഞും അടങ്ങുന്നതാണ് ശരത്തിന്‍റെ കുടുംബം. ഒരു അനുജനും ശരത്തിനുണ്ട്. "ലോട്ടറി നറുക്കെടുത്ത ദിവസം നമ്പർ ജസ്റ്റ് നോക്കി. വീട്ടില്‍ എല്ലാവരോടും പറഞ്ഞു. അന്ന് മുഴുവന്‍ ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. വേറെ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നല്ലോ. അതിലൊരു ക്ലാരിറ്റി വരാനാണ് ആരോടും പറയാതെ വച്ചത്", എന്നായിരുന്നു നേരത്തെ ശരത്ത് പറഞ്ഞത്. "ആദ്യം ഞാന്‍ വിശ്വസിച്ചില്ല. പറ്റിക്കാന്‍ പറയുകയാണെന്ന കരുതിയത്. ടിക്കറ്റൊക്കെ എടുത്ത് നോക്കിയ ശേഷമാണ് എനിക്ക് വിശ്വാസം വന്നത്. ഞാനും ആരോടും ഒന്നും പറഞ്ഞില്ല. പറയരുതെന്ന് പ്രത്യേകം എന്നോട് പറഞ്ഞിരുന്നു", എന്നാണ് സന്തോഷത്തോടെ ശരത്തിന്‍റെ ഭാര്യ പറഞ്ഞത്. ആലപ്പുഴ സ്വദേശിയാണ് ശരത്ത്.