'ലോട്ടറി അടിച്ചവരുടെ ​ദുരിതം ഭയങ്കരം, അവർക്ക് പേടി': 25 കോടി നെട്ടൂരുകാരിക്കെന്ന് ഏജന്റ്, ഭാ​ഗ്യവതി അജ്ഞാതയായി തുടരും

എറണാകുളം: 2025ലെ തിരുവോണം ബമ്പർ BR 105 ലോട്ടറിയുടെ ഭാ​ഗ്യശാലി നെട്ടൂര്‍ സ്വദേശിയായ സ്ത്രീ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിരുവോണം ബമ്പർ ഭാ​ഗ്യശാലി 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഏജന്‍റ് ലതീഷ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന് താല്പര്യമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വിജയ് എന്ന് കരുതുന്ന ആൾ മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്ന് ലതീഷ് തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. നെട്ടൂർ സ്വദേശിയായ വനിതയ്ക്കാണ് ലോട്ടറി അടിച്ചതെന്നാണ് തന്റെ അനുമാനമെന്നും ലതീഷ് ഉറപ്പിച്ചു പറയുന്നു. TH 577825 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.
“അവര് പേടിച്ചിരിക്കുകയാണ്. പാവങ്ങളാണ്. അവര് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ എന്തോ ആകട്ടെ. അത്രയെ എനിക്ക് പറയാന്‍ പറ്റൂ. ആ സ്ത്രീയ്ക്ക് തന്നെയാണ് ലോട്ടറി അടിച്ചിരിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതും. നാളയോ മറ്റന്നാളോ ബാങ്കില്‍ എത്തുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാനാകും. അടിച്ച ആള്‍ക്കാരുടെ വീട്ടിലെ ദുരിതങ്ങള്‍ ഭയങ്കരമാണ്. അതൊക്കെ ഓരോരുത്തര്‍ പറഞ്ഞത് കേട്ട് അവര്‍ ഭയന്നിരിക്കയാണ്. സാധാരണ സ്ത്രീയാണത്. നെട്ടൂര് തന്നെ അവരുണ്ട്”, എന്നാണ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞത്. 

ഒറ്റക്ക് താമസിക്കുന്നൊരു സ്ത്രീയാണ് ഭാഗ്യശാലിയെന്ന് തനിക്ക് ഉറപ്പാണെന്നും സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല, ബമ്പറായത് കൊണ്ട് സ്പെഷ്യലായി എടുത്തതാണെന്നും നേരത്തെ ലതീഷ് പറഞ്ഞിരുന്നു. 12 മണിയോടെ ഒരുപക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താമെന്നും ലതീഷ് അറിയിച്ചു.