ബെംഗളൂരു ടു തിരുവനന്തപുരം, ആഡംബര കാറിൽ എത്തിയ യുവതിയടക്കം നാല് പേരെ തടഞ്ഞു; പിടികൂടിയത് 175 ഗ്രാം എംഡിഎംഎ

തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം 175 ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ. ആഡംബര കാറിൽ എത്തിയ കൊട്ടാരക്കര സ്വദേശിയായ ഷെമി (32 ), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കൽഫാൻ (24), ആഷിക് (20 ), അൽ അമീൻ (23) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘം ചെങ്കവിളയിൽ വച്ച് കാറ് തടഞ്ഞാണ് ഇവരെ പിടികൂടിയത്. യുവതിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ബെംഗളുരുവിൽ നിന്നും എംഡിഎംഎ വാങ്ങി കാറിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ഈ സമയം ഡാൻസാഫ് സംഘം കാറിനെ പിൻതുടർന്നെയെങ്കിലും കാർ ചെങ്കവിളയിൽ വച്ചു ഇടറോഡിൽ കയറാൻ ശ്രമിച്ചപ്പോഴാണ് പൊലീസിന്റെ പിടിയിലായത്


ആറ്റിങ്ങൽ, കണിയാപുരം മേഖലയിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുന്നതാണ് യുവതിയുടെ രീതിയെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.റൂറൽ നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഫയാസ്, റസൽ രാജ്, ദിലീപ്, രാജീവ്‌, പ്രേംകുമാർ, സി.പി.ഒമാരായ സുനിൽ രാജ്, അനൂപ്, പദ്മകുമാർ, അരുൺ കുമാർ ദിനോർ, ഉല്ലാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പൂവാർ സിഐ സുജിത്തിനാണ് അന്വേഷണ ചുമതല.

 

!