മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തം: മരണം 15 ആയി; രണ്ട് പുതിയ കഫ് സിറപ്പുകള്‍ക്കൂടി നിരോധിച്ചു

ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ മരണം 15 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ഈ മരുന്നുകളില്‍ അപകടകാരിയായ ഡൈ എത്തിലീന്‍, ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.