സ്റ്റൈലൻ റീ എൻട്രി; ഷൂട്ടിങ്ങിനായി മമ്മൂട്ടി ഹൈദരാബാദിലേക്ക്, വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ സെറ്റിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. സ്വയം ഡ്രൈവ് ചെയ്‌താണ് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. അവിടെ നിന്നും ഹൈദരാബാദിലെ സെറ്റിലേക്ക് ആണ് താരം പറക്കുക. സ്റ്റൈലൻ ലുക്കിൽ ആയിരുന്നു താരം എത്തിയത്.

മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ആണിത്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യും.മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് നിര്‍മ്മാതാവ് ആൻ്റോ ജോസഫ് സ്ഥിരീകരിച്ചിരുന്നു. തൻ്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാൻ ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമയില്‍ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻ്റെയും ബലത്തിൽ അതിജീവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയില്‍ കൂട്ടുനിന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും നന്ദിയെന്ന് ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.