'ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം'; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്

ദുബൈ: ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങിൽ വച്ച് ഇന്ത്യയ്ക്ക് നൽകിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ്‌ കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു. അതേസമയം യഥാർത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.
സൂര്യകുമാർ യാദവ് പറഞ്ഞത്…
"ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, അത് കഠിനാധ്വാനം ചെയ്ത് നേടിയതാണ്. അത് എളുപ്പമായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ ഞങ്ങൾ രണ്ട് ശക്തമായ മത്സരങ്ങൾ കളിച്ചു. ഞങ്ങൾക്ക് അർഹതപ്പെട്ടതാണത്. ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫികൾ. ഈ ഏഷ്യാ കപ്പ് യാത്രയിലുടനീളം ഞാൻ അവരുടെ ആരാധകനാണ്. അതാണ് ഞാൻ തിരികെ കൊണ്ടുപോകുന്ന ശരിക്കുള്ള ഓർമ്മകൾ. അവ എന്നോടൊപ്പം എന്നെന്നേക്കുമായി നിലനിൽക്കും."- സൂര്യകുമാർ യാദവ് പറഞ്ഞു.

ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ആശയക്കുഴപ്പം കാരണം ഒരു മണിക്കൂർ വൈകിയിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയിൽ എത്തിയില്ല. മൊഹ്‌സിൻ നഖ്‌വിയാണ് ട്രോഫി നൽകുന്നതെങ്കിൽ സ്വീകരിക്കാൻ ഇന്ത്യൻ ടീം എത്തിയേക്കില്ല എന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സമ്മാനദാന ചടങ്ങിലേക്ക് പോകുന്നതിനുമുമ്പ്, വിജയികൾക്കുള്ള ട്രോഫി ആരാണ് സമ്മാനിക്കുക എന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ (എസിസി) ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോർട്ടുണ്ട്.