അതേസമയം പ്രതിഷേധം കണക്കിലെടുത്ത് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കരൂരില്‍ ടിവികെ റാലിയ്ക്കിടെ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വീട്ടലേക്ക് മടങ്ങി. അപകടത്തിന് പിന്നാലെ വിജയ് മടങ്ങിയതില്‍ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമത്തില്‍ അരങ്ങേറുന്നത്. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദുരന്തത്തിന് ശേഷം ഒരു എക്സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരൂരിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ വിജയ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ഡിഎംകെ പ്രവര്‍ത്തകര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നിരവധി സാധാരണക്കാരും വിജയ് എവിടെ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് വിജയ് വീട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന. രാത്രി 11.30ഓടെയാണ് വിജയ് ചെന്നൈയിലെ വീട്ടിലെത്തിയത്.
വിജയ്യുടെ വീടിന് നേരെ മുന്‍പ് കല്ലേറ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരൂര്‍ ദുരന്തത്തിന് ശേഷം തന്റെ ഹൃദയം തകര്‍ന്നെന്നും ഇത് സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും വിജയ് എക്സില്‍ കുറിച്ചിരുന്നു. അപകടത്തില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്