പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്