ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 23 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടി. ഇതോടെ ആരാധകര്‍ അദ്ദേഹത്തെ ‘സഞ്ജു മോഹന്‍ലാല്‍ സാംസണ്‍’ എന്നു വിളിച്ച് അഭിനന്ദിച്ചു. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നതാണ് ആരാധകരുടെ വിലയിരുത്തല്‍. മത്സരത്തിനിടെ രവി ശാസ്ത്രിയും സഞ്ജന ഗണേഷനും ചേര്‍ന്ന പാനലും സഞ്ജുവിനെ അതേ പേരിലാണ് വിശേഷിപ്പിച്ചതെന്ന് ആരാധകര്‍ പറയുന്നു.
അതേസമയം, ഹര്‍ഷാ ഭോഗ്ലെ ക്രിക്ക്ബസ് ചര്‍ച്ചയില്‍ സഞ്ജുവിന് മധ്യനിരയില്‍ സ്ഥിരം സ്ഥാനം കണ്ടെത്തുക എളുപ്പമല്ലെന്നും, കാരണം അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ കൂടുതലും ടോപ്പ് ഓര്‍ഡറിലാണെന്നും അഭിപ്രായപ്പെട്ടു. ‘മോഹന്‍ലാലിനെ വില്ലനാക്കി മാറ്റുന്നതിനെക്കാള്‍ പ്രയാസം ടോപ്പ് ഓര്‍ഡര്‍ ബാറ്ററെ ലോവര്‍ ഓര്‍ഡറിലേക്ക് മാറ്റുക’ എന്നായിരുന്നു ഭോഗ്ലെയുടെ തമാശയായ പരാമര്‍ശം. ദിനേഷ് കാര്‍ത്തിക്കും ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ലോവര്‍ ഓര്‍ഡറില്‍ അനുകൂലിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ഇന്ത്യ ആവേശകരമായ ജയം നേടി. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. പതും നിസങ്കയുടെ 58 പന്തില്‍ 107 റണ്‍സുള്ള സെഞ്ച്വറിയാണ് ലങ്കയ്ക്ക് കരുത്തായത്. അവസാന ഓവറില്‍ നിസങ്ക പുറത്തായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.
സൂപ്പര്‍ ഓവറില്‍ അര്‍ഷ്ദീപ് സിംഗ് മികച്ച ബൗളിംഗ് കാഴ്ചവെച്ചതോടെ ശ്രീലങ്കയ്ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രം. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ലക്ഷ്യം മറികടന്ന് വിജയം ഉറപ്പിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റണ്‍സെടുത്തു. ഓപ്പണര്‍ അഭിഷേക് ശര്‍മ 61 റണ്‍സ് നേടി. സഞ്ജുവിനൊപ്പം തിലക് വര്‍മ (49)യും അക്ഷര്‍ പട്ടേല്‍ (21) ഉം നിര്‍ണായക സംഭാവന നല്‍കി.