രാവിലെ കുതിച്ചുയര്‍ന്ന് ഉച്ചക്ക് താഴേക്ക്; സ്വര്‍ണവിലയില്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നേരിയ ആശ്വാസം. ഗ്രാമിന് 80 രൂപ ഇടിഞ്ഞ് 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയായി.

രാവിലെ ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 10,845 രൂപയായിരുന്ന സ്വര്‍ണവില, പവന് 86,760 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവന് 2,080 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്.ആഗോള സാമ്പത്തിക സാഹചര്യം, പ്രത്യേകിച്ച് യുഎസ് ഡോളറിന്റെ ദുര്‍ബലത, സ്വര്‍ണവില ഉയരാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. നവരാത്രി, മഹാനവമി, ദീപാവലി പോലുള്ള ഉത്സവസീസണ്‍ എത്തുന്ന സാഹചര്യവും ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍, ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും ആഭ്യന്തര സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കാറുണ്ട്.