വൈകിയെത്തിയ ഓണാശംസ; പിന്നാലെ ട്രോള്‍ മഴ: ഒടുവില്‍ ഖേദപ്രകടനുമായി അമിതാഭ് ബച്ചന്‍

ഓണാഘോഷം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആശംസയുമായെത്തിയ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് മലയാളികളുടെ വക സോഷ്യല്‍ മീഡയയില്‍ പൊങ്കാലയാണ് കിട്ടിയത്. വെള്ള ജുബ്ബയും മുണ്ടും സ്വര്‍ണക്കരയുള്ള ഷാളും അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോയും ഓണാശംസകള്‍ എന്നെഴുതിയ ക്യാപ്ഷനോടും കൂടിയാണ് താരത്തിന്റെ ആശംസാ പോസറ്റ് എത്തിയത്. പിന്നാലെ ‘ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാാര്‍’, ഇത്ര പെട്ടന്ന് തന്നെ ആശംസ ഇടണോ? ഇനിയും ഒരു വര്‍ഷം കൂടി ഉണ്ട്’ തുടങ്ങി നിരവധി രസകരമായ കമന്റുകള്‍ കൊണ്ട് താരത്തിന്റെ പോസ്റ്റ് നിറഞ്ഞു. ഒടുവില്‍ ഖേദപ്രകടനം നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. നേരത്തെയിട്ട പോസ്റ്റ് എഡിറ്റ് ചെയ്താണ് താരം വിശദീകരണവും പിന്നാലെ ഖേദപ്രകടനവും നല്‍കിയത്.
തന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റിയിരിക്കാം എന്ന കമന്റുകള്‍ കാണുന്നുണ്ട്. ഓണം കഴിഞ്ഞുപോയിരിക്കാം, എന്നാല്‍ ആഘോഷവേളകള്‍ എപ്പോഴും ആഘോഷം തന്നെയാണെന്നും അതിന്റെ പ്രാധാന്യവും ചൈതന്യവും ഒരിക്കലും നഷ്ടപ്പെടില്ലെന്നുമാണ് താരം കുറിച്ചത്. പിന്നാലെ ഖേദപ്രകടനവും നടത്തി.
കൂടാതെ താന്‍ തന്നെയാണ് ഓരോ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് തനിക്ക് ഒരു ഏജന്റും ഇല്ലെന്നും താരം വ്യക്തമാക്കി.