തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
നേരത്തെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ൽ നിന്ന് 14 കോച്ചുകളായാണ് വർധിപ്പിച്ചത്. 2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ജനറൽ കോച്ചുകളിലെ സീറ്റിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ചെയർ കാർ ചേർത്തതിലൂടെ സുഖകരമായ യാത്രാനുഭവവും പ്രാപ്യമാകും.