ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.