പെണ്‍ സുഹൃത്തിനെ കളിയാക്കി, പ്രതികാരം വീട്ടിയത് സൈക്കിൾ ചെയിന്‍ കൊണ്ട് മര്‍ദിച്ച്; കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍

 കല്ലമ്പലം: വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദനം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്.ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. മര്‍ദനമേറ്റ കുട്ടിയുടെ അമ്മ സ്കൂളിലെ പിടിഎ പ്രസിഡന്‍റാണ്. നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു.