തിരുപ്പൂരിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.


കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷൺമുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.

എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടെ മൂർത്തിക്ക് പരിക്കേൽക്കുകയും തുടർന്ന് പ്രശ്നപരിഹാരത്തിനായാണ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന എസ്ഐ ഷൺമുഖവും കോൺസ്റ്റബിൾ അഴകുരാജയും തോട്ടത്തിലെത്തിയത്.

പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോൾ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂർത്തിയെ ആശുപത്രിയിലെത്തിക്കാനും തർക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠൻ ആക്രമിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ എസ്ഐ ഷൺമുഖം സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളഞ്ഞു. ഷൺമുഖത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. അറസ്റ്റിലാകുമെന്ന ഭയവും മദ്യത്തിന്റെ ലഹരിയിലായിരുന്നതുമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം രംഗത്തെത്തി.