വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീംകോടതി തള്ളി

വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണക്കൂമ്പാരം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം നേരിടുന്ന ഡൽഹി ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി സുപ്രീംകോടതി തള്ളി.

ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമ സംവിധാനമല്ലെന്നും
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി.വീട്ടിൽനിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തുകയും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും വർമയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 18 നാണ് വർമ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
കഴിഞ്ഞ മാർച്ച് 14നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയത്.