വെഞ്ഞാറമൂട്: വൃദ്ധയെ കബളിപ്പിച്ച് ഒന്നരപ്പവന്റെ മാല തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ഒരുമനയൂർ തങ്ങൾപ്പടി പട്ടത്ത് വീട്ടിൽ യൂസഫാണ്(45,തൊപ്പി) അറസ്റ്റിലായത്. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൻ ലീലാമ്മയാണ്(70)തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജൂലായ് 30നായിരുന്നു സംഭവം.
വാർദ്ധക്യ പെൻഷൻ വാങ്ങാൻ വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് പോവുകയായിരുന്നലീലാമ്മയോട് പരിചയം പുതുക്കുകയും മകളുടെ ജോലിയും പേരും മനസിലാക്കി അവരുമായി ഫോണിൽ സംസാരിക്കുന്നതായി വിശ്വസിപ്പിച്ചു. തുടർന്ന് ലീലാമ്മയിൽനിന്ന് ബാങ്ക് ലോൺ സംബന്ധമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞ പ്രതി ഇന്നുതന്നെ ലോണിന്റെ 25,000രൂപ മുൻകൂട്ടി അടയ്ക്കണമെന്നും അങ്ങനെയെങ്കിൽ വൃദ്ധരായവർക്ക് പ്രധാനമന്ത്രിയുടെ മുദ്ര യോജന സ്‌കീമിൽ അഞ്ച് ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു. തുടർന്ന വൃദ്ധയെ ഓട്ടോയിൽ കയറ്റി ബാങ്കിലെത്തിച്ച ശേഷം ബാങ്കിൽ അടയ്ക്കാനുള്ള തുകയ്ക്കായി ഒന്നരപ്പവന്റെ മാല ഊരിവാങ്ങി. വെഞ്ഞാറമൂട്ടിലെ മോഷണശേഷം പഴവങ്ങാടി കോട്ടയ്ക്കകത്തെ ലോഡ്ജിൽ താമസിച്ചുവരവേ മാലമോഷ്ടിച്ച് യൂസഫ് കടന്നുകളയുന്ന സിസി.ടിവി ദൃശ്യം കാണുകയും ഉടൻ ജില്ലവിടാൻ തിരുമാനിക്കുകയുമായിരുന്നു. തുടർന്ന് റൂറൽ എസ്.പി. സുദർശനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിലേക്ക് കടക്കവേ വൈറ്റില ഹബ്ബിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. സ്വർണം വിറ്റുകിട്ടിയ ഒരുലക്ഷം രൂപകൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന് പ്രതി മൊഴിനൽകി.
നിരവധി കേസിലെ പ്രതി
കഴിഞ്ഞ ജനുവരിയിൽ ഓമനഅമ്മയെന്ന വൃദ്ധയുടെ രണ്ടരപ്പവന്റെ മാല കവർന്ന കേസിൽ വെഞ്ഞാറമൂട് പൊലീസിലും സമാന സംഭവത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. നിരവധി തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൾകലാം എസ്.ഐ മാരായ സജിത്ത്,ഷാൻ,ഷാജി,സി.പി.ഒ മാരായ സിയാസ്,ഷാനവാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.