ഒരടി പോലും പിന്നോട്ടില്ല, മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തു, രാഹുൽ ഗാന്ധി

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്നും കമ്മീഷൻ വ്യാപകമായി പേരുകൾ നീക്കം ചെയ്തതെന്നും താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവൻ്റെ കൈയിൽ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നത്. അതും ഇപ്പോൾ തട്ടിയെടുത്തിരിക്കുന്നു. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി കമ്മീഷൻ പേരുകൾ നീക്കം ചെയ്തത്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാമെന്ന നിയമ നിർമ്മാണം ആർക്കുവേണ്ടിയാണ് നടത്തിയത്. ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നൽകാൻ കഴിയാത്ത വിധം കാര്യങ്ങൾ അട്ടിമറിച്ചു. എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല- രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനം കണ്ടിരുന്നു. താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും മറുപടിയില്ല. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചോരി ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ന് വൈകിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനം വിളിച്ചത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ​ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിക്കുകയാണ് ചെയ്തതെന്നും ആരോപണങ്ങളിൽ അന്വേഷണം നടത്തില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.