വിവാഹം നിശ്ചയിച്ചവര്‍ക്ക് സന്തോഷ വാര്‍ത്ത; ഇടിഞ്ഞിടിഞ്ഞ് സ്വര്‍ണവില

സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞത്. പിന്നീട് എട്ടാം തീയതി വരെ വര്‍ധിച്ചു.വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ