ഡെറാഡൂൺ: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടുകളും ഹോട്ടലുകളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. 50 ഓളം ഹോട്ടലുകൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം ഹിമാലയൻ മേഖലയിലുടനീളം പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും കാലവർഷക്കെടുതിയും കാരണം അമർനാഥ് യാത്ര ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ഉത്തരേന്ത്യയിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാൻ അധികൃതര്‍ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തരകാശി ജില്ലയിലെ ഹർസിൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ധരാലി ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കുതിച്ചുയരുന്ന വെള്ളം മേഖലയിലൊന്നാകെ നാശം വിതയ്ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ വീടുകൾ ഒന്നടങ്കം ഒലിച്ചുപോയി. മേഘവിസ്ഫോടനം കാരണം ഖീർ ഗംഗാ നദി പെട്ടെന്ന് കരകവിഞ്ഞൊഴുകിയത് വൻ നാശനഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. വലിയ തോതിൽ ആളപായമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.