കടയ്ക്കലിലെ പ്രാദേശിക മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ട്രിങ്ങറും കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ ഷാനവാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ചടയമംഗലം മേഖലാ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
രാഷ്ട്രീയപാർട്ടികളിലെ എല്ലാ വിഭാഗത്തോടും ഏറ്റവും വലിയ ആദരവും ബഹുമാനവും നിഷ്പക്ഷമായ നിലപാടും മനോഭാവവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം രേഖപ്പെടുത്തുന്നത്.
കഴിഞ്ഞദിവസം കടയ്ക്കലിൽ നടന്ന അക്രമ സംഭവങ്ങളിൽ മാധ്യമപ്രവർത്തകർ എന്ന നിലയിൽ മുൻനിര മാധ്യമങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ടതെന്നത് പ്രാദേശിക ലേഖകന്മാരാണ്.
അത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുവാനായി വന്ന ഷാനവാസിനെ സിപിഎം നേതാവായിട്ടുള്ള
പ്രഭുല്ലഘോഷ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അപലപനീയമാണ്.
ഇന്ത്യ മഹാരാജ്യത്ത് ഏതൊരു പൗരനും മറ്റൊരാളുടെ സ്വകാര്യതയെ ഹനിക്കാത്ത തരത്തിൽ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ വീഡിയോയിൽ പകർത്താം എന്ന കോടതി വിധികൾ തന്നെ നിലനിൽക്കവേയാണ് മാധ്യമപ്രവർത്തകനായ ഷാനവാസിനെതിരെയുള്ള കയ്യേറ്റ ശ്രമം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എന്നാൽ സിപിഎമ്മിന്റെ നേതൃത്വം ഇക്കാര്യം വളരെ ഗൗരവമായി എടുത്തിട്ടുണ്ട് എന്നാണ് അസോസിയേഷനെ അറിയിച്ചിട്ടുള്ളത്.
കയ്യേറ്റ ശ്രമത്തിൽ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പോലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥലത്തിൽ ഉൾപ്പെടെ പരാതി നൽകുവാനും കേരള പത്രപ്രവർത്തക അസോസിയേഷൻ തയ്യാറാകും.
സമൂഹത്തിൽ മാന്യമായി പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ ഒരു രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുകൊണ്ട് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്.
കടയ്ക്കലിലെ ജി വിക്രമൻ ഉൾപ്പെടെയുള്ള സമുന്നതരായ രാഷ്ട്രീയ നേതാക്കന്മാർ നല്ല നിലയ്ക്ക് രാഷ്ട്രീയപരമായ ഇടപെടലുകൾ പൊതുസമൂഹത്തിൽ നടത്തുമ്പോഴാണ് ഇത്തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ അരങ്ങേറുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരെ വരും നാളുകളിൽ ശക്തമായ നിലപാട് സ്വീകരിക്കുവാനും ശരിയായ രീതിയിലുള്ള പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുവാനും കേരള മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ആളുകളുടെ ശ്രദ്ധയിലേക്ക് ഇത്തരം വിഷയങ്ങൾ കൊണ്ട് വരുവാനുമുള്ള ഇടപെടൽ പത്രപ്രവർത്തക അസോസിയേഷൻ സ്വീകരിക്കും.
ജനാധിപത്യ രാജ്യത്ത് ഇത്തരം അന്യായങ്ങൾ അംഗീകരിക്കുവാൻ സാധിക്കുകയില്ല എന്ന നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ കേരള പത്രപ്രവർത്തക അസോസിയേഷൻ നേതാവായിട്ടുള്ള ഷാനവാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രഭുല്ലഘോഷിനെതിരെയുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
കേരള പത്രപ്രവർത്തക അസോസിയേഷൻ ചടയമംഗലം മേഖല കമ്മിറ്റി.