യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകർ പാലക്കാട് മാർച്ച് നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വനിതാ നേതാവ് ഉയർത്തിയ ആവശ്യം. കടുത്ത ഭാഷയിൽ സഹപ്രവർത്തകരിൽ നിന്നു പോലും വിമർശനം ഉയർന്നിട്ടും മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. സംഘടനയ്ക്കുളളിൽ തീർത്തും ഒറ്റപ്പെട്ടുപോയ രാഹുലിനു മുന്നിൽ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല.
യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആലപ്പുഴയിൽ നിന്നുളള സംസ്ഥാന ഭാരവാഹി ആർവി സ്നേഹയാണ് യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യം സംസ്ഥാന പ്രസിഡൻറിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭാരവാഹികളിൽ ഭൂരിഭാഗവും സ്നേഹയ്ക്ക് പിന്തുണയർപ്പിച്ചതോടെ പ്രതിരോധങ്ങൾ ദുർബലമായി. തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് പ്രോമിസിങ് യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിണം എന്നായിരുന്നു രാഹുലിൻറെ പേര് പറയാതെ മറ്റൊരു യുവനേതാവ് ജിൻറോ ജോണിൻറെ വിമർശനം. 

താരപരിവേഷത്തിൻറെ പാരമ്യത്തിൽ നിന്ന് ഒറ്റപ്പെടലിൻറെ അനാഥത്വത്തിലേക്കാണ് ഒറ്റ രാത്രി കൊണ്ട് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും രാഹുൽ മാങ്കൂട്ടത്തിൽ വീണു പോയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട് എംഎൽഎ സ്ഥാനത്തേക്കുമെല്ലാം കൈപിടിച്ചുയർത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂടി കൈവിട്ടതോടെ രാഹുലിൻറെ രാഷ്ട്രീയ ഭാവി തന്നെ ഇരുട്ടിലായിരിക്കുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചാലും ആരോപണങ്ങളോട് എത്രകാലം മൗനം തുടരാൻ ജനപ്രതിനിധിയായ രാഹുൽ മാങ്കൂട്ടത്തിലിന് കഴിയുമെന്ന ചോദ്യവും അവശേഷിക്കുകയാണ്.