ആവേശോജ്ജ്വലം ഓവല്‍; വിജയം എറിഞ്ഞുപിടിച്ച് ഇന്ത്യ, പരമ്പര സമനിലയില്‍

അവസാന നിമിഷം വരെ ആവേശം മുറ്റിനിന്ന ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് നാടകീയ ജയം. വിജയത്തിന് 35 റണ്‍സ് എന്ന സ്‌കോറിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ പക്ഷേ, മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും തീതുപ്പും പന്തുകള്‍ക്ക് മുന്നില്‍ അടിപതറുകയായിരുന്നു. സിറാജ് അഞ്ച് വിക്കറ്റ് നേടി. പ്രസിദ്ധ് നാല് വിക്കറ്റും വീഴ്ത്തി. നാല് വിക്കറ്റ് മതിയായിരുന്നു അവസാന ദിവസം ഇന്ത്യക്ക് ജയിക്കാന്‍. ഇതോടെ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര സമനിലയിലായി. സ്‌കോര്‍: ഇന്ത്യ- 224, 396. ഇംഗ്ലണ്ട്- 247, 367


മത്സരം ആരംഭിച്ച് അധികം വൈകാതെ ജാമി ഓവര്‍ടണ്ണിനെയും ജോഷ് ടങിനെയും യഥാക്രമം സിറാജും പ്രസിദ്ധും പുറത്താക്കി. ഗുസ് അറ്റ്കിന്‍സനും ക്രിസ് വോക്‌സുമായിരുന്നു അവസാനം ക്രീസിലുണ്ടായിരുന്നത്. അറ്റ്കിൻസിൻ്റെ കുറ്റി സിറാജ് തെറിപ്പിക്കുകയായിരുന്നു. ആകാശ് ദീപ് ഒരു വിക്കറ്റും കൊയ്തു.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടും (105) ഹാരി ബ്രൂക്കും (111) സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറി (118) നേടിയിരുന്നു.