പാലത്തിന്റെ സ്പാൻ തകർന്ന് അപകടം, കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തെരച്ചിൽ

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് വെള്ളത്തിൽ വീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് മരിച്ചത്. ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നാണ് തൊഴിലാളികൾ വെള്ളത്തിൽ വീണത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. അഞ്ച് പേർ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇതിൽ ഒരാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്കിനായുള്ള (24) തെരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഉച്ചയോടെയാണ് സംഭവം. അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റർ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ തു‌‌ടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തെരച്ചിൽ നടക്കുന്നത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് തന്നെയാണ് മറ്റെയാൾക്ക് വേണ്ടിയുള്ള തെരച്ചിലും നടത്തുന്നത്.

ചെന്നിത്തല- ചെട്ടികുളങ്ങര ​ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാ​ഗമായി നിർമാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. കാണാതായ തൊഴിലാളിക്ക് വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അതേസമയം, പാലത്തിന്റെ സ്പാൻ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേണ്ട സുരക്ഷ മുൻ കരുതലുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.