തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു…മസ്തിഷ്‌ക ജ്വരമെന്ന് സംശയം

തിരുവനന്തപുരം: ബാലരാമപുരത്ത് പനി ബാധിച്ച് 12 ദിവസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ബാലരാമപുരം തലയല്‍ വി എസ് ഭവനില്‍ എസ് എ അനില്‍ കുമാര്‍ (49) ആണ് മരിച്ചത്. മസ്തിഷ്‌ക ജ്വരം ബാധിച്ചാണോ മരണമെന്ന് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോര്‍ട്ട് വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വീട്ടിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളോ പനിയോ ഇല്ല.

കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്നാണ് അനില്‍ കുമാറിന് ചികിത്സ ആരംഭിച്ചത്. അത് കുറയാതെ വന്നതോടെ നടത്തിയ വിശദ പരിശോധനയില്‍ അണുബാധ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ 7 ദിവസം തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. അണുബാധയുണ്ടാകാനുള്ള കാരണം കണ്ടെത്താനായി ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ വീട്ടിലെയും പരിസരത്തെ ജലാശയങ്ങളിലെയും മറ്റും വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമീപത്തെ കുളങ്ങളിലും മറ്റും ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുന്നയാളല്ല അനിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകനെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഇദ്ദേഹം രണ്ടു മാസം മുന്‍പ് ചെന്നൈയില്‍ പോയിരുന്നു.