മലയാള സിനിമയിലെ ഹിറ്റ് കളുടെ ഗോഡ് ഫാദർ സംവിധായകൻ സിദ്ദിഖ് ഓർമ്മയായിട്ട് രണ്ടുവർഷം

ഇന്ന് പ്രശസ്ത സംവിധായകൻ സിദ്ധിഖിന്റെ ഓർമദിനം....

1960 ആഗസ്റ്റ് 1 ആം തിയതി എറണാകുളം പുല്ലേപ്പടിയിൽ കറപ്പനൂപ്പിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും രണ്ടാമത്തെ മകനായാണ് സിദ്ധീഖ് ജനിച്ചത്.

കലൂർ ഗവ. ഹൈസ്കൂൾ, കളമശ്ശേരി സെന്‍റ് പോൾസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ക്ലർക്കായി ജോലിക്ക് കയറി. ഇതിനൊപ്പം കൊച്ചിൻ കലാഭവന്‍റെ മിമിക്രി ട്രൂപ്പിലും അംഗമായിരുന്ന അദ്ദേഹം ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 

തുടർന്ന് 1986 ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി. പിന്നീട് ലാലുമായി ചേർന്ന് 1989 ൽ ‘റാംജി റാവ് സ്പീക്കിങ്’ എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1994) എന്നീ ചിത്രങ്ങൾ ചെയ്തു. കൂടാതെ മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ്, ഫിംഗർ പ്രിന്‍റ്, കിംഗ് ലയർ എന്നീ ചിത്രങ്ങളുടെ തിരക്കഥയും നാടോടിക്കാറ്റ്, അയാൾകഥയെഴുതുകയാണ് എന്നിവയുടെ കഥയും ഈ കൂട്ട്കെട്ടിൽ നിന്നും പിറന്നതായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

ശേഷം 1996 ൽ ഹിറ്റ്ലർ എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തു. തുടർന്ന് ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്കൽ. കിങ്ങ് ലയർ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം

2023 ആഗസ്റ്റ് 8 ആം തിയതി രാത്രി കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് തന്റെ 63 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സജിതയാണ് ഭാര്യ. സൗമ്യ, സാറ, സുകൂണ്‍ എന്നിവരാണ് മക്കൾ.