ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയും ഐതിഹ്യപ്പെരുമയുമാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യവഴിപാടിന്റെ പ്രത്യേകത.വള്ളസദ്യവഴിപാടുകള്‍ ക്ഷണിച്ചുവരുത്തുന്ന കരക്കാര്‍ക്ക് പാടി ചോദിക്കുന്ന വിഭവങ്ങള്‍ നല്‍കണമെന്നത് സദ്യയില്‍ പങ്കെടുക്കുന്നവര്‍ ഭഗവാന്റെ പ്രതിരൂപങ്ങളാണ് എന്ന ഐതിഹ്യത്തിലാണ്.കാര്‍ഷിക സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗംകൂടിയാണ് വള്ളസദ്യ.
സാധാരണ സദ്യകളില്‍ വിളമ്പാത്ത വിഭവങ്ങള്‍ക്ക് പിന്നില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ചരിത്രമുണ്ട്. പണ്ടുകാലങ്ങളില്‍ പുരയിടങ്ങളില്‍ കൃഷി ചെയ്തിരുന്ന കായ്ഫലങ്ങളില്‍ വള്ളസദ്യയില്‍ ഉപയോഗിച്ചിരുന്നു എന്നതിനാലാണ് അമ്പഴങ്ങ, മടന്തതോരന്‍, താളുകറി, തകര, കരിമ്പ് തുടങ്ങിയ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പുന്നത്.ഭഗവാന്‍ ഭക്ഷണം കഴിക്കാനെത്തുന്നു എന്ന ഐതിഹ്യത്തിന്റെ ഭാഗമായാണ് പ്രസാദം, മോദകം, തീര്‍ത്ഥം, അവല്‍, മലര് എന്നിവ കരക്കാര്‍ പാടി ചോദിച്ചുവാങ്ങുന്നത്.എല്ലാ ദിവസവും അത്താഴസദ്യക്ക് ഭഗവാന് ഉപ്പുമാങ്ങ വേണമെന്നതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ 365 ദിവസത്തേക്കുമായി മാങ്ങ ഉപ്പിലിട്ട് സൂക്ഷിച്ച് അത്താഴത്തിന് വിളമ്പും. വള്ളസദ്യയില്‍ ഉപ്പുമാങ്ങയും പ്രധാന വിഭവമാണ്.സദ്യവിഭവങ്ങള്‍ പാടി ചോദിക്കുന്നതില്‍ സാഹിത്യത്തിലെ പ്രാഗത്ഭ്യം സദ്യക്കെത്തുന്ന കരക്കാര്‍ കാണിക്കാറുണ്ട്. ' അമ്മതന്നെ ചമച്ചോരാ താളുകറി തന്നിടേണം' എന്ന ചോദ്യത്തില്‍ ഒരു കുസൃതിയും ഒളിഞ്ഞിരിപ്പുണ്ട്.ശരിയായി പാചകം ചെയ്തില്ലെങ്കില്‍ താളുകറി കൂട്ടിയാല്‍ ചൊറിച്ചില്‍ ഉണ്ടാകുമെന്നതിനാലാണ് വിശ്വാസത്തിന്റെ പ്രതീകമായ അമ്മതന്നെ ചമച്ചതെന്ന പ്രയോഗം. 'പണ്ടൊരിക്കല്‍ കൃഷ്ണനങ്ങ് കൃഷ്ണ കൊടുത്തതും വേണമെന്ന ചോദ്യം ദ്രൗപദി അക്ഷയപാത്രത്തില്‍നിന്ന് ശ്രീകൃഷ്ണന് കൊടുത്ത ചീരത്തോരനെ ഓര്‍മ്മിപ്പിക്കുന്നതാണ്.
പണ്ടുകാലങ്ങളില്‍ ധാരാളം പശുവളര്‍ത്തല്‍ ഉണ്ടായിരുന്ന ചേനപ്പാടി ഗ്രാമത്തില്‍നിന്നായിരുന്നു വള്ളസദ്യക്കായി തൈര് എത്തിച്ചിരുന്നത്. ഈ ഗ്രാമത്തിന് നല്‍കുന്ന അംഗീകാരമായാണ് ചേനപ്പാടി രാമച്ചാരുടെ പാളത്തൈര് കൊണ്ടുവായോ എന്ന വിളിച്ചുചോദ്യത്തിന് പിന്നില്‍. 'പുണ്യവാഹിനിയായിടും പമ്പതന്റെ തീര്‍ത്ഥം വേണം' എന്ന പാടിചോദ്യം നഷ്ടപ്പെട്ട സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.സന്താനലബ്ധിക്കും സര്‍പ്പദോഷത്തിനും അഭീഷ്ട കാര്യസിദ്ധിക്കുമാണ് ആറന്മുളക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാട് സമര്‍പ്പിക്കുന്നത്.ഭഗവാന്‍ കൃഷ്ണന് ഉണ്ണികളുമായുള്ള ഇഷ്ടമാണ് സന്താനലബ്ധിക്കായി വഴിപാട് നടത്തുന്നതിന് പിന്നിലെ വിശ്വാസം. തിരുവോണനാളില്‍ തിരുവോണസദ്യ വിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പമ്പയുടെ ഇരുകരകളിലെ കരനാഥന്‍മാര്‍ നിര്‍മ്മിച്ച പള്ളിയോടങ്ങളുടെ അനന്തശായിയായ മഹാവിഷ്ണു സങ്കല്‍പ്പം എന്നതിനാലാണ് ഭക്തര്‍ സര്‍പ്പദോഷ പരിഹാരത്തിനായി വള്ളസദ്യ വഴിപാട് ആറന്മുളയില്‍ സമര്‍പ്പിക്കുന്നതെന്നും ഐതിഹ്യമുണ്ട്.പാണ്ഡവ -കൗരവയുദ്ധത്തില്‍ അര്‍ജ്ജുനന്റെ തേരാളിയായിരുന്ന ഭഗവാന്‍ കൃഷ്ണന്‍, എതിര്‍പക്ഷത്ത് അണിനിരന്ന ബന്ധുജനങ്ങളെക്കണ്ട് വില്ലെടുക്കാനാകാതെ പകച്ചുനിന്ന അര്‍ജ്ജുനന് ഗീതോപദേശം നല്‍കാനായി മനസ്സുതുറന്ന സമയത്തെ പാര്‍ഥസാരഥീ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയില്‍ പ്രാര്‍ഥിച്ചാല്‍ അഭീഷ്ടകാര്യസിദ്ധി ചോദിച്ചാല്‍ ലഭിക്കും എന്ന വിശ്വാസമാണ് ഈ വള്ളസദ്യ വഴിപാട് എന്ന ഐതിഹ്യത്തിന് പിന്നിലെന്നും ഭക്തര്‍ വിശ്വസിക്കുന്നു.ഭഗവല്‍സാന്നിധ്യമുള്ള ചുണ്ടന്‍വള്ളങ്ങള്‍ എന്ന ഐതിഹ്യം എന്നതിനാലാണ് ആറന്മുളയിലെ ചുണ്ടന്‍വള്ളങ്ങള്‍ക്ക് മാത്രം പള്ളിയോടങ്ങള്‍ എന്ന പേര് ലഭിച്ചത്.
വള്ളസദ്യ വഴിപാട് നടത്തുന്ന ഭക്തര്‍ ഒന്നോ അതിലധികമോ പള്ളിയോടങ്ങളെ അതതുകരകളിലെത്തി വെറ്റ, പുകയില നല്‍കി ആചാരപൂര്‍വ്വം വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.പാര്‍ഥസാരഥിക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുനല്‍കുന്ന പള്ളിയോടത്തില്‍ ചാര്‍ത്താനുള്ള മാലയും പ്രസാദവും കരകളില്‍ കൊണ്ടുനല്‍കിപള്ളിയോട കടവില്‍ നിന്ന് യാത്രയാക്കുന്ന പള്ളിയോടങ്ങള്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തുമ്പോള്‍ താലപ്പൊലി, അഷ്ടമംഗല്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കരക്കാരെ സ്വീകരിച്ച് ക്ഷേത്രകൊടിമരച്ചുവട്ടിലെത്തിച്ച് ഭഗവാനും പള്ളിയോടത്തിനും നിറപറ വഴിപാട് സമര്‍പ്പിക്കും.തുടര്‍ന്ന് ഭഗവല്‍കീര്‍ത്തനം പാടി പ്രദക്ഷിണം വയ്ക്കുന്ന കരക്കാര്‍ വഴിപാടുകാരന്റെ ക്ഷണം സ്വീകരിച്ച് ഊട്ടുപുരയിലെത്തി വള്ളസദ്യയില്‍ പങ്കെടുക്കുമ്പോള്‍ കരക്കാര്‍ക്കൊപ്പം ഭഗവാന്‍ പാര്‍ഥസാരഥിയും വള്ളസദ്യയില്‍ പങ്കുചേരുമെന്നാണ് വിശ്വാസം.വള്ളസദ്യ കഴിച്ച് തൃപ്തരായ കരക്കാര്‍ കൊടിമരച്ചുവട്ടിലെ നെല്‍പ്പറ തളിച്ച് വഴിപാടുകാരന് ഭഗവല്‍കടാക്ഷം ഉണ്ടാകാനായി പാടി പ്രാര്‍ഥിക്കുന്നു.പള്ളിയോടത്തിനുള്ള ദക്ഷിണ സ്വീകരിച്ച് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് യാത്രയാകുന്ന കരക്കാരെ ക്ഷേത്രക്കടവ് വരെ വഴിപാടുകാര്‍ ഉപചാരങ്ങളോടെ അനുഗമിച്ച് പള്ളിയോടത്തിലേറ്റി കരക്കാരെ യാത്രയാക്കുന്നതോടെ വള്ളസദ്യ വഴിപാട് സമാപിക്കും.
വള്ളസദ്യയിലെ വിഭവങ്ങള്‍
1.ഏത്തക്ക ഉപ്പേരി, 2.ചേമ്പ് ഉപ്പേരി, 3.ചേന ഉപ്പേരി, 4.ചക്ക ഉപ്പേരി, 5.ശര്‍ക്കര വരട്ടി, 6.ഉണ്ണിയപ്പം, 7.പരിപ്പ്‌വട, 8.എള്ളുണ്ട, 9.കല്‍ക്കണ്ടം, 10.മുന്തിരിങ്ങ, 11.അവല്‍, 12.മലര്, 13.കരിമ്പ്, 14.പഴംനുറുക്ക്, 15.മോദകം, 16.അവില്‍പ്പൊതി, 17.തേന്‍, 18.പഞ്ചസാര, 19.ഉണ്ടശര്‍ക്കര, 20.പഴം, 21.പര്‍പ്പടകം വലുത് ഒന്ന്, 22.പര്‍പ്പടകം ചെറുത് രണ്ട്, 23.അവിയല്‍, 24.കാബേജ് തോരന്‍, 25.ചുവന്നചീരത്തോരന്‍, 26.ഓമയ്ക്കാത്തോരന്‍, 27.തകരയില തോരന്‍, 28.ചുറ്റിക്കെട്ടിയ മടന്തയില തോരന്‍, 29.മധുരപ്പച്ചടി, 30.കിച്ചടി, 31.ചമ്മന്തിപ്പൊടി, 32.ഉപ്പുമാങ്ങ, 33.വഴുതനങ്ങ മെഴുക്ക്പുരട്ടി, 34.പാവയ്ക്ക മെഴുക്ക്പുരട്ടി, 35.ഇഞ്ചിത്തൈര്, 36.സ്റ്റൂ, 37.വറുത്ത എരിശ്ശേരി, 38.ഓലന്‍ (ഉപ്പില്ലാതെ), 39.ഇഞ്ചി അച്ചാര്‍, 40.മാങ്ങാ അച്ചാര്‍, 41.നാരങ്ങാ അച്ചാര്‍, 42.നെല്ലിക്ക അച്ചാര്‍, 43.വെളുത്തുള്ളി അച്ചാര്‍, 44.അമ്പഴങ്ങ അച്ചാര്‍, 45.ചോറ്, 46.പരിപ്പ്, 47.നെയ്യ്, 48.വെണ്ണ, 49.സാമ്പാര്‍, 50.പുളിശ്ശേരി, 51. മോര്, 52.രസം, 53.മാമ്പഴപ്പുളിശ്ശേരി, 54.പാളത്തൈര്, 55.കട്ടത്തൈര്, 56.അടപ്രഥമന്‍, 57.കടലപ്രഥമന്‍, 58.പാല്‍പ്പായസം, 59.പഴം പ്രഥമന്‍, 60.അരവണപ്പായസം, 61.പടച്ചോറ്, 62.മധുരമുള്ള പശുവിന്‍പാല്‍, 63.ചൂടുവെള്ളം, 64.ചുക്കുവെള്ളം.