കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം; സംസ്‌കാരം വൈകിട്ട്

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം.ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്റ്റേജിലും സജീവമാണ് നവാസ്. വിധി കര്‍ത്താവിന്റെ റോളില്‍ റിയാലിറ്റി ഷോകളില്‍ തിളങ്ങി. 1997ല്‍ ഇറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ മുന്‍നിര ഹാസ്യതാരമായി വളര്‍ന്നു. അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെ ഹാസ്യനടന്‍ എന്ന നിലയിലെ നിറസാന്നിധ്യം ഉറപ്പിച്ചു. 1999ലാണ് നവാസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റിലീസുകള്‍. ചന്ദാമാമയും മൈ ഡിയര്‍ കരടിയും. രണ്ടും മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. പിന്നീടങ്ങോട്ട് വണ്‍മാന്‍ ഷോ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട് എന്നിങ്ങനെ ഹിറ്റുകളുടെ ചിരിപ്പടക്കം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഡിക്റ്റക്റ്റീവ് ഉജ്ജ്വലന്‍. നീലാകാശം നിറയെ’ എന്ന ചിത്രത്തിലൂടെ ആണ് കലാഭവന്‍ നവാസ് ആദ്യമായി നായകനായി വേഷമിടുന്നത്.നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍. നിയാസ് ബക്കര്‍ സിനിമാ, സീരിയല്‍ രംഗത്ത് സജീവമാണ്. കേളി, വാത്സല്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അബൂബക്കറാണ് നവാസിന്റെ പിതാവ്. നടി രഹനാ നവാസാണ് ഭാര്യ. സഹോദരന്‍ നിസാമുദ്ദീന്‍ ട്വന്റി ഫോര്‍ ചാനലിൽ  വീഡിയോ എഡിറ്ററാണ്.