ലൈംഗികാതിക്രമക്കേസ്: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ റാപ്പര്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്.വേടനെതിരെ കൂടുതല്‍ തെളിവുകളുണ്ടോവെന്നും, മറ്റ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോവെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. രഹസ്യ ചാറ്റുകള്‍ അടക്കം കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരി സമയം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ ഇന്നത്തേക്ക് മാറ്റിയത്.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി കോടതി തീരുമാനമെടുക്കാനാകില്ലെന്നും കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ മാത്രമേ ഉന്നയിക്കാവൂ എന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതിയും ചോദ്യം ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതു മാത്രം ക്രിമിനല്‍ കുറ്റത്തിന്റെ അടിസ്ഥാനമാകില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി താല്‍ക്കാലിക ഉത്തരവും നല്‍കിയിരുന്നു.


വേടന്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി ഉയര്‍ന്നതിന് പിന്നാലെ സംഗീത പരിപാടികള്‍ റദ്ദാക്കിയ അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ല. അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ യുവതിയെ വിവിധ ഇടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്