മോഷണം ആഘോഷിക്കാന്‍ ഒരുങ്ങിയ മലയാളി യുവാവ് അറസ്റ്റില്‍

മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച ശേഷം കവര്‍ച്ച ആഘോഷിക്കാന്‍ ബാറില്‍ കയറിയ മലയാളി യുവാവ് കോയമ്പത്തൂരില്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചെന്നൈ സ്വദേശിയായ യാത്രക്കാരന്റെ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ബാഗില്‍ ഉണ്ടായിരുന്നു. മോഷണം നടത്തിയ ശേഷം ഇയാള്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടാസ്മാക് ഔട്ട്ലെക്ക് പോയി.

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസ് ടാസ്മാക് ഔട്ട്ലെറ്റിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം അത് ആഘോഷിക്കാനാണ് ബാറില്‍ കയറിയതെന്ന് മുബീന്‍ പോലീസിന് മൊഴി നല്‍കി. മോഷണമുതല്‍ പോലീസ് കണ്ടെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.