ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങൾക്കറിയാമോ?റോഡിലെ അപകടമരണങ്ങളിൽ 40 ശതമാനത്തോളം ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട കേസുകളിലാണ് സംഭവിക്കുന്നത്.
ഇത്തരം വാഹനമോടിക്കുന്നവരോട് ( ഓടിക്കാനനുവദിക്കുന്നവരോടും ) താഴെ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി ഓർമിപ്പിക്കുന്നു.
1. സ്വന്തമായി ബാലൻസ് ഇല്ലാത്ത ഒരു മെഷിൻ ആണ് ഞാൻ കൈകാര്യം ചെയ്യുന്നത് എന്ന ധാരണ ഉണ്ടാവണം.
2. രണ്ടു പേർക്ക് മാത്രം സഞ്ചരിക്കാവുന്ന വണ്ടിയാണ് ടു വീലർ.
3. ഡ്രൈവറും പില്യൻ റൈഡറും (പുറകിലിരിക്കുന്നവർ) ബി ഐ എസ് നിലവാരമുള്ള ഹെൽമെറ്റ് കൃത്യമായി ധരിച്ചിരിക്കണം. (വെറുതെ ഇട്ടാൽ പോര - ചിൻ സ്ട്രാപ് കൃത്യായി ലോക്ക് ചെയ്ത് ധരിക്കുക.)
4. ഇരുവശത്തും റിയർവ്യൂ മിറർ ഉണ്ടെന്നും കൃത്യമായ സമയത്ത് അതിലൂടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസിലാക്കുകയും ചെയ്യുക.
5. നാലു വയസിൽ താഴെയുള്ള കുട്ടികളെ കയറ്റേണ്ടി വരുമ്പോൾ ബേബി ഹെൽമെറ്റ് കൂടാതെ സേഫ്റ്റി ഹാർന്നസ് ( സുരക്ഷാ ബെൽട്ട്) കൊണ്ട് ഡ്രൈവറോട് ചേർത്ത് ബന്ധിക്കുകയും വേഗത 40 കിലോമീറ്ററിൽ കവിയാതെ ഓടിക്കുകയും ചെയ്യുക.
6. റോഡു സാഹചര്യങ്ങൾ അനുസരിച്ച് നിയന്ത്രിത വേഗതയിൽ മാത്രം സഞ്ചരിക്കുക. ഒരിക്കലും 60 കിലോമീറ്റർ എന്ന വേഗപരിധി ലംഘിക്കരുത്.
7. വലതു വശത്തുകൂടി മാത്രം മറികടക്കുക.
8. സിഗ്നലുകൾ നൽകാനല്ലാതെ ഹാൻ്റിൽ ബാറിൽ നിന്ന് കൈ എടുക്കരുത്.
9. മുൻപേ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക.
10. വശങ്ങളിലേക്ക് തിരിയുമ്പോൾ നേരത്തേ തന്നെ സിഗ്നലുകൾ നൽകുക.
11. വളവുകൾ എത്തുന്നതിനു മുൻപ് തന്നെ വേഗത കുറക്കുക.
12. അയഞ്ഞ് ആടുന്ന വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യരുത്.
13. മദ്യപിച്ചോ, മൊബൈൽ സംസാരിച്ചുകൊണ്ടോ വാഹനമോടിക്കരുത്.
14. ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു വാഹനത്തിൻ്റെ ഭാഗങ്ങളിൽ പിടിക്കുകയോ, കാൽ കൊണ്ട് തള്ളുകയോ ചെയ്യരുത്.
15. കുട ചൂടിയുള്ള യാത്ര ഒഴിവാക്കുക
16. പിറകിലിരിക്കുന്നവരോട് രണ്ടു വശങ്ങളിലും കാൽ വച്ച് ഇരിക്കാൻ പറയുക.
17. കൊച്ചു കുട്ടികൾ ഉള്ള വാഹനം നിർത്തിയിടേണ്ടി വരുമ്പോൾ ചാവി ഊരി കയ്യിൽ പിടിക്കുക.
18. രാത്രി കാലങ്ങളിൽ എതിരെ വാഹനം വരുമ്പോഴും, ഒരു വാഹനത്തിന് തൊട്ടുപുറകിൽ പോകുമ്പോഴും, തെരുവ് വിളക്ക് പ്രകാശിക്കുമ്പോഴും ഹെഡ് ലൈറ്റ് ഡിം ചെയ്യുക.
19. ഒരു വാഹനത്തിൻ്റെ ബ്ലൈൻ്റ് സ്പോട്ടിൽ തുടർച്ചയായി പെടാതിരിക്കാൻ ശ്രമിക്കുക.
20. ഒരു റോഡിലേക്ക് പ്രവേശിക്കുമ്പോൾ നിർത്തി വാഹനമൊന്നുമില്ല എന്നുറപ്പാക്കി മാത്രം മുന്നോട്ടു നീങ്ങുക.
21. നിർത്തിയിരിക്കുന്ന ഒരു യാത്രാ വാഹനം കണ്ടാൽ ആളുകൾ റോഡു മുറിച്ച് കടക്കാൻ സാധ്യത ഉണ്ട് എന്ന ധാരണയിൽ ശ്രദ്ധാപൂർവം ഓടിക്കുക.