കിളിമാനൂര്‍..ഓണക്കാലത്തിരക്ക് പ്രമാണിച്ച് കിളിമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് നീക്കാൻ യോഗം ചേർന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് നേതൃത്വത്തില്‍ പൊലീസ്, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ജങ്‌ഷനിലെ പമ്പിന് സമീപത്തേക്ക് മാറ്റിയ സ്റ്റോപ്പില്‍ നിര്‍ത്തണം. ഇവിടെ മറ്റ് വാഹന പാര്‍ക്കിങ് അനുവദിക്കില്ല. കടയുടമകളുടെ വാഹനങ്ങളും പാര്‍ക്കിങ് പ്രദേശത്തേക്ക് മാറ്റിയിടണം. മഹാദേവേശ്വരം മുതല്‍ വലിയപാലം വരെയും, പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയും റോഡിന് ഒരുവശത്ത് മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. സ്ഥിരം പാര്‍ക്കിങ് അനുവദിക്കില്ല. നിലവില്‍ മഹാദേവേശ്വരം ജങ്‌ഷനിലെ ബസ് സ്റ്റോപ്പ് ബൈപാസ് റോഡ് ആരംഭിക്കുന്ന സ്ഥലത്തേക്കും, സരള ആശുപത്രിയുടെ മുന്നിലെ ബസ് സ്റ്റോപ്പ് സമീപത്തെ എക്സൈസ് ഓഫീസ് കോമ്പൗണ്ട് അവസാനിക്കുന്ന സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്. എംസി റോഡില്‍ വാഴോട് മുതല്‍ ഇരട്ടച്ചിറവരെയും പുതിയകാവ് ജങ്‌ഷന്‍ വരെയുള്ള പൊതുമരാമത്ത് റോഡിലും ഫുട്പാത്ത് കച്ചവടവും അനധികൃത കൈയ്യേറ്റവും അനുവദിക്കില്ല. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് പ്രസിഡന്റ് എന്‍ സലില്‍ അറിയിച്ചു."