ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്; റംസിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് കേസിൽ പ്രധാന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതികൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വീണ്ടും പത്തോളം പരാതികൾ ലഭിച്ചു. ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രധാന പ്രതിയായ പോത്തൻകോട് ചെറുവല്ലി സ്വദേശിനി റംസിയെ ആണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്

വെമ്പായം കട്ടയ്ക്കാലിൽ റംസി താമസിച്ചിരുന്ന വാടക വീട്ടിലും വ്യാജ സീലുകൾ നിർമ്മിച്ച ആറ്റിങ്ങലിലെ സ്ഥാപനത്തിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പോലീസ് പിടിയിലാകുമെന്ന് അറിഞ്ഞപ്പോൾ വ്യാജ നിയമന രേഖകളും മറ്റും വാടകവീടിന് പിറകുവശത്ത് കത്തിച്ചു. വ്യാജ നിയമനരേഖകളും മറ്റു തെളിവുകളും കത്തിച്ച സ്ഥലവും ഇവർ പോലീസിനു കാട്ടിക്കൊടുത്തു.ബ്യൂട്ടിപാർലർ നടത്തിയിരുന്ന റംസി തുമ്പ VSSC യിൽ എഞ്ചിനീയർ എന്ന് പരിചയപ്പെടുത്തി യുവതിയിൽ നിന്നും 8 ലക്ഷം രൂപ ഉൾപ്പടെ മറ്റു പലരിൽ നിന്നുമായി കോടികൾ തട്ടിയെന്നാണ് കേസ്. റംസിയെ കൂടാതെ ഭർത്താവായ ഓച്ചിറ സ്വദേശി അജ്‌മൽ (29) തിരുനെൽവേലി സ്വദേശി മുരുകേശൻ (59) സീലും നിയമന ഉത്തരവുകളും വ്യാജമായി നിർമ്മിച്ച് നൽകിയ ആറ്റിങ്ങൽ സ്വദേശികളായ വിഷ്ണുരാജ് (33), സുരേഷ് ബാബു (50) എന്നിവരെ വെള്ളിയാഴ്ചയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്