ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ നടക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിലിടം ഉറപ്പിക്കുമോയെന്നത് ആരാധകരെ കാത്തിരിപ്പിലാണ്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പായി. അടുത്ത മാസം ഒന്‍പത് മുതല്‍ യുഎഇയില്‍ നടക്കുന്ന ടി20 ഫോര്‍മാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ ആണ്. പാകിസ്താന്‍, യുഎഇ, ഒമാന്‍ എന്നിവര്‍ ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്.

ടീം പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകാമെന്ന സൂചനകള്‍ ശക്തമാണ്. ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇടം പിടിക്കാമെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബിസിസിഐ സെലക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച ബുംറ, ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.


ആദ്യം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഗിലും യശസ്വി ജയ്‌സ്വാളും ടീമിലുണ്ടാകില്ല. ഭാവിയിലെ താരങ്ങളായി കണക്കാക്കപ്പെടുന്ന ഇവര്‍ ഇപ്പോള്‍ ടി20 പദ്ധതികളില്‍ ഉള്‍പ്പെടുന്നില്ലെന്ന് വ്യക്തമാകുന്നു. ഇടംകൈ ഓപ്പണര്‍ ജയ്‌സ്വാളിനെ ടി20യില്‍നിന്ന് മാറ്റി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.