ആറ്റിങ്ങൽ വില്ലേജിൽ ഡിജിറ്റൽ സർവേ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തിങ്കളാഴ്ച മുതൽ

ആറ്റിങ്ങൽ : സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും കൈവശഭൂമി നേരിട്ട് അളന്ന് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിക്കുന്ന "ഡിജിറ്റൽ സർവേ - എന്റെ ഭൂമി" പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിൽ സർവ്വേ അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
    ഡിജിറ്റൽ സർവേ നടപടികളുടെ ഭാഗമായി മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി ആറ്റിങ്ങൽ നഗരസഭയിലെ 17 മുതൽ 28 വരെയുള്ള വാർഡുകളായ മൂന്നുമുക്ക്, അട്ടക്കുളം, പാർവതിപുരം, കാഞ്ഞിരംകോണം, രാമച്ചംവിള, ചെറുവള്ളിമുക്ക്, കൊടുമൺ, കുന്നത്ത്, ടൗൺ, പച്ചക്കുളം, തോട്ടവാരം, കാട്ടുംപുറം എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും ഡിജിറ്റൽ സർവേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ഭൂവുടമകൾ ഓഗസ്റ്റ് 25 തിങ്കളാഴ്ച മുതൽ വസ്തുവിന്റെ കരം തീർത്ത രസീതും മൊബൈൽ ഫോണുമായി ആറ്റിങ്ങൽ-മാമത്ത് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ പ്രവർത്തി സമയത്ത് എത്തി ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ആറ്റിങ്ങൽ വില്ലേജ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസർ അറിയിച്ചു.