രോഗം തിരിച്ചറിയുന്നതില്‍ വര്‍ധനവുണ്ടായതാണ് കേസുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. കൂടാതെ, കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് മരണ നിരക്ക് വളരെ കൂടുതലാണ്. അതിനാല്‍, പൊതുജനങ്ങള്‍ക്ക് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്.
തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ അതീവ ഗുരുതരവുമായ രോഗമാണിത്. നഗ്ലേറിയ ഫൗളേറി എന്നയിനം അമീബയാണ് രോഗത്തിന് കാരണം. ഈ അമീബയെ ‘മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ (Braineating amoeba) എന്നും വിളിക്കാറുണ്ട്. കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ ജലാശയങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയോ, നീന്തുകയോ ചെയ്യുമ്പോള്‍ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുന്നതാണ് രോഗകാരണം. ശുദ്ധീകരിക്കാത്ത കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍, ചുടുനീരുറവകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളത്തിലൂടെയാണ് അമീബ പ്രധാനമായും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. മൂക്കിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തുന്ന അമീബ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് മാരകമായ അണു ബാധയ്ക്ക് കാരണമാകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് സാധാരണയായി ഒന്നു മുതല്‍ 9 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
തുടക്കത്തില്‍ സാധാരണ പനി പോലെ തോന്നാമെങ്കിലും പിന്നീട് ഗുരുതരമായ ലക്ഷണങ്ങളിലേക്ക് മാറും. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണങ്ങള്‍. ഉയര്‍ന്ന പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, സംവേദനക്ഷമത നഷ്ടപ്പെടുക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ശരീരത്തിന് ബാലന്‍സ് നഷ്ടപ്പെടുക, അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കുന്നു. രോഗം അതിവേഗം മൂര്‍ച്ഛിക്കുന്നു. ചികിത്സയില്ലാത്തപക്ഷം ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കിണര്‍ വെള്ളത്തില്‍ മാത്രം കുളിപ്പിച്ച ചെറിയ കുട്ടിക്ക് രോഗം വന്നതു സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടിക്കാണ് രോഗ ലക്ഷണങ്ങള്‍ ക ണ്ടത്. കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെയോ മറ്റോ അകത്ത് പ്രവേശിച്ചതാവാനാണ് സാധ്യത. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏത് തരം അമീബയാണ് ബാധിച്ചത് എന്നറിയാന്‍ സ്രവം ചണ്ഡീഗഢിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കിണറുകളിലെ വെള്ളം തണുപ്പുള്ളതും ഒഴുക്കുള്ളതുമായതിനാല്‍, ഈ അമീബയ്ക്ക് അവിടെ വളരാന്‍ അനുയോജ്യമായ സാഹചര്യമില്ല.
എ ന്നാല്‍, കിണറിനടുത്തുള്ള മലിനജലം കിണറിലേക്ക് കലരുകയോ, കിണര്‍ വളരെക്കാലം ഉപയോഗിക്കാതെ കിടന്ന് വെള്ളം കെട്ടിക്കിടക്കുകയോ ചെയ്താല്‍ അമീബയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് ഏറ്റവും പ്രധാനം. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മൂക്ക്, ചെവി, കണ്ണ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറാതെ ശ്രദ്ധിക്കുക, ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്‍നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക മാത്രമാണ് രക്ഷ. കേരളത്തില്‍ അടുത്തിടെ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വ്യക്തിപരമായ ശുചിത്വത്തിലും ചുറ്റുമുള്ള ജല സ്രോതസ്സുകളുടെ വൃത്തിയിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.